Tales from the history of rocketry and space exploration.
By V.P. BALAGANGADHARAN Retired ISRO Scientist
↓
01
ബലൂണിൽ കയറി പറന്ന റോക്കറ്റ്!
The Rocket That Flew on a Balloon!
1952 · James Van Allen · Rockoon
റോക്കറ്റിന്റെ ഏറ്റവും വലിയ ശത്രു ഭൂമിയോട് ചേർന്നുള്ള കട്ടിയേറിയ വായുവാണ്. ആദ്യത്തെ ഏതാനും കിലോമീറ്ററുകളിൽ വായുവിനെ തള്ളിമാറ്റാൻ തന്നെ ഇന്ധനത്തിന്റെ വലിയൊരു പങ്ക് ചെലവാകും.
1952-ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാൻ അലൻ ഒരു വിചിത്രമായ ഉപായം കണ്ടെത്തി: റോക്കറ്റിനെ ആദ്യം ഒരു വലിയ ബലൂൺ ഉയർത്തട്ടെ. വായു നേർത്തുപോകുന്ന ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് സ്വന്തം ശക്തിയിൽ കുതിക്കട്ടെ. 'റോക്കറ്റ്', 'ബലൂൺ' എന്നീ വാക്കുകൾ ചേർന്ന് അതിന് പേര് കിട്ടി — റോക്കൂൺ (Rockoon).
വായുവിനോട് പൊരുതി ഇന്ധനം കളയുന്നതിനു പകരം, വായുവിനെ വിട്ട് ഉയരുക.
FIG. 1 — The balloon carries the rocket through the thick air; the rocket does the rest.
ചെറിയ റോക്കറ്റ് ബലൂണിൽ തൂക്കി ഏകദേശം ഇരുപത് കിലോമീറ്റർ ഉയരത്തിലെത്തിക്കും. അവിടെ വച്ച് റോക്കറ്റ് ജ്വലിക്കും. നേർത്ത വായുവിൽ ഒരു ചെറിയ റോക്കറ്റ് പോലും നൂറു കിലോമീറ്ററിലധികം ഉയരത്തിലെത്തി. വലിയ വിക്ഷേപണത്തറകൾ വേണ്ട; ധ്രുവപ്രദേശത്തെ കടലിലൂടെ നീങ്ങുന്ന കപ്പലുകളിൽ നിന്നുപോലും ഇവ വിക്ഷേപിക്കാമായിരുന്നു.
റോക്കൂണുകൾ കൊണ്ടുപോയ ഉപകരണങ്ങൾ ഉയർന്ന മേഖലയിലെ കോസ്മിക് രശ്മികളുടെ അളവെടുത്തു. ഈ പഠനങ്ങൾ പിന്നീട് ഭൂമിയെ വലയം ചെയ്യുന്ന വികിരണ വലയങ്ങളുടെ കണ്ടെത്തലിലേക്കു വഴിതുറന്നു — അവ ഇന്ന് വാൻ അലൻ വലയങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഈ കഥയ്ക്ക് ഇന്ത്യയുമായും ബന്ധമുണ്ട്. കുറഞ്ഞ ചെലവിൽ ആകാശത്തെ അടുത്തറിയാനുള്ള ഈ മാർഗം, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ തുടക്കകാലത്ത് ഡോ. വിക്രം സാരാഭായിയുടെ കാഴ്ചപ്പാടിനോട് ചേർന്നുനിന്നു. 1961-ൽ ബലൂണും റോക്കറ്റും ഉപയോഗിച്ചുള്ള ഉപരിമണ്ഡല പഠനത്തിലേക്ക് ഇന്ത്യയും ചുവടുവച്ചു.
02
പുനർജ്ജനിച്ച സല്യൂട്ട് 7
Salyut 7: The Reborn Ghost Station
1985 · Soyuz T-13 · Dzhanibekov & Savinykh
1985 ഫെബ്രുവരിയിൽ, ആളില്ലാതെ ഭ്രമണം ചെയ്തിരുന്ന സോവിയറ്റ് ബഹിരാകാശ നിലയം സല്യൂട്ട് 7-ൽ നിന്നുള്ള സിഗ്നലുകൾ നിലച്ചു. വൈദ്യുതി സംവിധാനം തകരാറിലായ നിലയം, ഭൂമിയെ ചുറ്റുന്ന തണുത്തുറഞ്ഞ ഒരു ലോഹപ്പെട്ടിയായി മാറി.
അതിനെ രക്ഷിക്കാൻ ദൗത്യസംഘം തീരുമാനിച്ചു. 1985 ജൂൺ 6-ന് വ്ലാദിമിർ ജാനിബെക്കോവും വിക്ടർ സവിനിഖും സോയൂസ് ടി-13-ൽ പുറപ്പെട്ടു. അടുത്തെത്തിയപ്പോൾ ഓട്ടോമാറ്റിക് ഡോക്കിങ് സംവിധാനത്തിന് നിശ്ചലമായ ആ നിലയത്തെ ഉറപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. ജാനിബെക്കോവ് നിയന്ത്രണം സ്വയം ഏറ്റെടുത്ത് കൈകൊണ്ട് പേടകത്തെ നിലയത്തോട് ചേർത്തു.
ഇരുട്ടിൽ ചലനമില്ലാതെ കിടന്ന ഒരു നിലയത്തിലേക്ക്, രണ്ടുപേർ കൈകൊണ്ട് വാതിൽ തുറന്നു.
അകത്ത് കടന്നപ്പോൾ അവർ കണ്ടത് ഇരുട്ടും, ചുമരുകളിൽ പടർന്ന മഞ്ഞും ആയിരുന്നു. ഉള്ളിലെ താപനില ഹിമാങ്കത്തിനും വളരെ താഴെയായിരുന്നു. കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച്, ശ്വാസം പുകയായി പൊങ്ങുന്ന ആ ഫ്രീസറിൽ അവർ ജോലി തുടങ്ങി.
STATION INTERIOR−10 °C
FIG. 2 — Drag to watch the station wake. Illustrative values, not mission telemetry.
ബാറ്ററികൾ ചാർജ് ചെയ്യുന്ന സംവിധാനം കണ്ടെത്തി അവർ നന്നാക്കി. വൈദ്യുതി തിരിച്ചെത്തി; ചൂട് പടർന്നു; മഞ്ഞ് ഉരുകി വെള്ളമായി. ദിവസങ്ങൾ കൊണ്ട് മരവിച്ചുകിടന്ന നിലയം വീണ്ടും ഉണർന്നു.
ഉപേക്ഷിക്കപ്പെട്ടു എന്ന് എല്ലാവരും കരുതിയ ഒരു ബഹിരാകാശ നിലയം അങ്ങനെ പുനർജനിച്ചു. പിന്നീട് പുതിയ സംഘങ്ങൾ അവിടെ താമസിച്ച് ഗവേഷണം തുടർന്നു.
(എഴുതിക്കൊണ്ടിരിക്കുന്ന ‘റോക്കറ്റ് കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്)